Blogger Widgets

Cheers എന്നതിന് പകരം Equality എന്ന് നുരയുന്ന ഒരു വൈകുന്നേരം

സുബല്‍ കെ ആര്‍
1. ക്ലോസെറ്റും തടാകവും തമ്മില്‍ / നഗ്നതയും ആകാശവും തമ്മില്‍.

ഏതാണ്ടെല്ലാ സമയത്തും നിശ്ചലമായ് കിടക്കുന്ന 
ജലനിരപ്പുകളാണ് തടാകങ്ങളുടെ മാനദണ്ഡമെങ്കില്‍,
ക്ലോസെറ്റുകള്‍ കൊച്ചു കൊച്ചു തടാകങ്ങളാണ്.
മറ്റുള്ള തടാകങ്ങളില്‍;
മേഘങ്ങള്‍ മുഖം നോക്കുകയും
ആകാശം ഉറങ്ങിക്കിടക്കുകയും ചെയ്യുമ്പോള്‍ 
ക്ലോസെറ്റ് തടാകങ്ങളില്‍, 
ജനനേന്ദ്രിയങ്ങള്‍ മുഖം നോക്കുകയും 
നഗ്നത മയങ്ങിക്കിടക്കുകയും ചെയ്യും.
ഹാ., എന്തൊരത്ഭുതകരമായ 
വ്യത്യസ്തത എന്നാണോ വിചാരിക്കുന്നത്.
?
നഗ്നതയും ആകാശവും തമ്മില്‍ വ്യത്യാസമുള്ളതായ് ഒന്നുമില്ല!
തന്നിഷ്ടമൊഴുകുന്ന മേഘങ്ങളുണ്ട്., ഒളിച്ചു പാര്‍ക്കുന്ന മഴവില്ലുകളുണ്ട് നഗ്നതയിലും, 
എന്ന് വരുമ്പോള്‍; 
നഗ്നതയും ആകാശവും തമ്മില്‍വ്യത്യാസമുള്ളതായ് ഒന്നുമില്ല! എന്നാണ്, എന്നുതന്നെയാണ്,
എന്നെപ്പോലെ നിങ്ങളും കരുതുന്നതെങ്കില്‍, 
അകറ്റി അകത്തി നിര്‍ത്തുന്ന വ്യത്യസ്തതകളേക്കുറിച്ചല്ല, ചേര്‍ത്ത് ചേര്‍ത്ത് നിര്‍ത്തുന്ന സമാനതകളേക്കുറിച്ച് , നമ്മളിനിക്കാണുമ്പോള്‍ ഗ്ലാസ്സുകള്‍ കൂട്ടിമുട്ടിക്കും.
cheers എന്നതിന് പകരം equality എന്നു നുരയുമോ
അപ്പോള്‍
?

2. സമാനതകളുടെ തൂക്കുപാലങ്ങള്‍ കണ്ടുപിടിക്കുന്നു / നടന്ന് രസിക്കുന്നു.

cheers എന്നതിന് പകരം equality എന്നു നുരയുന്ന ഒരു വൈകുന്നേരം
ഉമ്മകളെക്കുറിച്ച് പറയുന്നതെന്തിനാ ?
ആണുങ്ങളുടെയുമ്മ
പെണ്ണുങ്ങളുടെയുമ്മ യെന്ന്
ഉമ്മകളെ വേര്‍തിരിക്കുന്നതെന്തിനാ ?
ഫ്രെഞ്ചുകാരുടെയുമ്മ 
എസ്കിമോകളുടെയുമ്മ* യെന്ന്
ഉമ്മകളെ അതിര്‍ത്തി കടത്തുന്നതെന്തിനാ?
cheers എന്നതിന് പകരം equality എന്നു നുരയുന്ന ഒരു വൈകുന്നേരം
മനുഷ്യര്‍ക്കും തുമ്പികള്‍ക്കും മീനുകള്‍ക്കും ഉമ്മകളുണ്ട്, അല്ലെങ്കില്‍
സകലജീവജാലങ്ങള്‍ക്കും ഉമ്മകളുണ്ട്, അല്ലെങ്കില്‍
അവരവരുടേതായ പ്രത്യേക സ്നേഹവിനിമയ മാര്‍ഗങ്ങളുണ്ട്, അല്ലെങ്കില്‍
സമാനതകളുടെ തൂക്കുപാലങ്ങളിലൂടെ നടന്ന്
ആടിയുലയുന്നു
കെട്ടിപ്പിടിക്കുന്നു
ഉമ്മവയ്ക്കുന്നു
കിടന്നുറങ്ങുന്നു
ഭൂമിയിലെ എല്ലാരുമെല്ലാതും എന്ന്
പറഞ്ഞാല്‍ പോരേ നമുക്ക് ,കാറ്റാടികള്‍ക്ക്.
പ്രേത്യേകിച്ചും
cheers എന്നതിന് പകരം equality എന്നു നുരയുന്ന ഒരു വൈകുന്നേരം .
_________________________
(*എസ്കിമോകള്‍ മൂക്കുകള്‍ കൊണ്ടാണത്രേ ഉമ്മ വയ്ക്കുന്നത്)
Malayalam Poet | illustration : sharon rani | about