Blogger Widgets

ഡൌൺലോഡ്‌ ചെയ്യപ്പെടുന്ന നീലകൾ

മഹേന്ദ്രനാഥ്‌.
ഒരു നോട്ടം ശാഖകളായ്‌ പിരിഞ്ഞ്‌ പടരുന്നു
ഒരായിരം നോട്ടങ്ങളുടെ ഒരു കാടിനുള്ളിൽ

ഒരാൾ
ഒറ്റയ്ക്ക്‌

ഒരു നിമിഷത്തിൽ സംഭവിച്ചേക്കാവുന്ന
എത്രയോ നോട്ടങ്ങളുടെ
ക്ഷണിക സാധ്യതകളാണ്‌ ഒരാളെന്ന്‌
ഒരാളിലേക്ക്‌ എത്തിനോക്കുമ്പോൾ
പകൽ ഒരു വലിയ കണ്ണ്‌
ഇരുട്ടിലേക്ക്‌ തുറന്നു വെച്ച ഒരു സാധ്യത
ഏതു നിമിഷവും
______ഒരു നേർരേഖയിൽ______
ഇരുവശത്തു നിന്നും സംഭവിച്ചേക്കാവുന്ന
രണ്ടു നോട്ടങ്ങളുടെ അപകട സാധ്യതകളെ കുറിച്ച്‌
നമുക്കു ചുറ്റും പെരുകികൊണ്ടിരിക്കുന്ന
ഗൂഢാലോചനകളുടെ ഈ നഗരത്തിൽ
തിരിച്ചെടുക്കപ്പെടാതെ ഉപേക്ഷിക്കപ്പെട്ട
നോട്ടങ്ങളുടെ ഒരു വൻസമാഹാരത്തിൽ

ഒറ്റയ്ക്ക്‌
ഒരാൾ

അതിനേക്കാൾ ഭീകരമായ്‌ മറ്റെന്തുണ്ട്‌?
അയാളേക്കാൾ ദുരൂഹമാക്കപ്പെട്ട ദ്വീപ്‌ വേറേതാണ്‌?
എന്ന്‌ അയാളിലേക്കുള്ള ചുഴിഞ്ഞു നോട്ടങ്ങൾ
രണ്ടു പേർക്കിടയിലെ പാലമാണെന്നും
അതിലൂടെ പ്രകാശ വേഗങ്ങളുടെ മുന്നറിയിപ്പില്ലാത്ത ഭാഷയിൽ
സഞ്ചരിക്കുന്ന അപകടങ്ങൾ
നമുക്കു നമ്മെ വെളിപ്പെടുത്തി തരുമെന്നും
നോട്ടങ്ങളാൽ പിടികൂടപ്പെടുന്നതു വരെ
നമുക്കെതിരെ ചില തെളിവുകുൾ
ശേഖരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു
അല്ലെങ്കിൽ ഓരോ നോട്ടവും
തെളിവു ശേഖരിക്കലല്ലാതെ മറ്റൊന്നുമല്ലെന്ന്‌
നില നിൽക്കുന്നതിന്റെ അപകടകരങ്ങളായ കാരണങ്ങളെ കുറിച്ചുള്ള
അന്വേഷണമല്ലാതെ മറ്റൊന്നുമല്ലെന്ന്‌
നോട്ടങ്ങളാൽ പടുത്ത ഈ നഗരത്തിൽ

ഒരൊറ്റ
നോട്ടം

നമ്മെ ഓർമകളിലേക്കൊ സ്വപ്നങ്ങളിലേക്കൊ
ഒറ്റിയേക്കാമെന്ന്‌ നീ പറയുമ്പോൾ
ദൈവത്തിന്റെ കിടപ്പറയിലേക്ക്‌ ഒളിച്ചു വെക്കപ്പെട്ട
കൊച്ചു ക്യാമറകൾ നിന്റെ കണ്ണുകളെന്ന്‌
നിന്നിലേക്ക്‌ നീളുന്ന ഒരു നോട്ടത്തിന്റെ
ഒരു കുഞ്ഞു മൗസ്‌ ക്ലിക്കിനാൽ
നിന്റെ നീലകളെ മുഴുവൻ
ഞാൻ എന്നിലേക്ക്‌ ഡൌൺലോഡ്‌ ചെയ്യുന്നു.
Malayalam Poet | illustration : sharon rani | about